ശബരിമല: യുഡിഎഫ് വിശദീകരണ യോഗം കോട്ടയത്ത്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രാഷ്ട്രീയമായി നേരിടാനൊരുങ്ങി മുന്നണികള്‍. എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ യുഡിഎഫും രംഗത്ത്. യുഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് കോട്ടയത്ത് നടക്കും. സർക്കാരും ആർഎസ്എസും നടത്തുന്ന കള്ളക്കളിയുടെ ഭാഗമായാണ് ശബരിമല സംഭവങ്ങളെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷ നീക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഎസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, ഘടകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി തുടങ്ങി യുഡിഎഫിന്‍റെ മുൻനിര നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
വൈകുന്നേരം 4.30ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ് പൊതുയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ LDF ന്‍റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടക്കുന്നതിനിടെയാണ് യുഡിഎഫും വിശദീകരണ യോഗവുമായി രംഗത്തെത്തുന്നത്.