മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായി തർക്കം: കൗമാരക്കാരൻ സ്വയം വെടിവച്ച് മരിച്ചു

മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു. ഡല്‍ഹി ദ്വാരകയിലെ ബിന്ദാപ്പൂർ സ്വദേശി ഗുൽഷൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 6 നായിരുന്നു സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച്ച രാത്രിയാണ് മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായി ഗുൽഷൻ വഴക്കിടുന്നത്. തുടർന്ന് ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കുകയും വീട്ടിൽനിന്നും ഇറങ്ങി പോകുകയും ചെയ്തു. പിന്നീട് ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് തിരിച്ചെത്തിയ ഗുൽഷൻ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കിടക്കുകയായിരുന്നു. ഗുൽഷനെ ഉ‌ടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പിതാവ് രൺബീർ സിംങ്ങ് പറഞ്ഞു.

ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഗുൽഷന്റെ പക്കൽനിന്നും വെടി വയ്ക്കാൻ ഉപയോഗിച്ച തോക്കും പോക്കറ്റിൽനിന്നും നാല് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുൽഷന്റെ അമ്മാവന്റെതാണ് തോക്ക്. ഇത് അയാൾ അറിയാതെ ഗുൽഷൻ എടുത്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

error: Content is protected !!