ശമ്പളമില്ല; കളിതോക്ക് ചൂണ്ടി കവര്‍ച്ച; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു
കളിതോക്കും ഡമ്മി ബോംബുമായി ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു. ഹൈദരാബാദ് മണികോണ്ട കാരൂര്‍ വൈശ്യ ബാങ്കിലാണ് സംഭവം. 45കാരനായ ഡേവിഡ് പ്രവീണ്‍ എന്ന മുന്‍ ടെക്കിയെയാണ് നാട്ടുകാര്‍ പിന്നാലെ ഓടിപ്പിടികൂടി പൊലീസിലേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബുര്‍ഖ ധരിച്ച് പ്രവീണ്‍ ബാങ്കിലെത്തിയത്. ഉടനെ ക്യാഷ്യറുടെ അടുത്തെത്തി കയ്യില്‍ സൂക്ഷിച്ചിരുന്ന കളിതോക്ക് ചൂണ്ടുകയായിരുന്നു.
കളിതോക്കാണെന്ന് ആര്‍ക്കും മനസിലായില്ല. പണം തന്നില്ലെങ്കില്‍ എല്ലാവരെയും വെടിവച്ച് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ക്യാഷ്യറുടെ പെട്ടിയിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപയും തട്ടിയെടുത്ത് ഡേവിഡ് ഓടിയെങ്കിലും ജീവനക്കാര്‍ തടഞ്ഞു. തടഞ്ഞവരെ തള്ളിമറ്റി ഇയാള്‍ ഓടിയെങ്കിലും നാട്ടുകാര്‍ കള്ളനെന്ന് വിളിച്ച് പിന്നാലെ ഓടി. ഓടുന്നതിനൊപ്പം നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയാനും തുടങ്ങി. എന്നാല്‍ കയ്യിലുള്ള ബോംബ് എറിയുമെന്ന് ഇയാള്‍ ഭീഷണിമുഴക്കിയെങ്കിലും നാട്ടുകാര്‍ പിന്തുടരുകയായിരുന്നു.
ബാങ്കിന് ഏതാനും അകലെവെച്ച് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാല് മാസം മുമ്പ് ജോലി നഷ്ടപ്പെട്ടെന്നും കുടുംബത്തെ നോക്കാനാണ് മോഷണമെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വിപ്രോയിലെ ജോലി വിട്ട് നാല് മാസം മുമ്പ് മറ്റൊരു കമ്പനിയില്‍ ജോലിക്ക് കയറിയതോടെയാണ് ഡേവിഡിനെ പ്രശ്നങ്ങള്‍ വേട്ടയാടിയത്. നാല്
മാസമായിട്ടും പുതിയ കമ്പനി ഉടമസ്ഥര്‍ ശമ്പളം നല്‍കാതായതോടെ വാടകയ്ക്കും ഭക്ഷണത്തിനും പണം കണ്ടെത്താതെ ഇയാള്‍ പ്രതിസന്ധിയിലകപ്പെട്ടു. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പണമില്ലാതായതോടെ പ്രശ്നം സങ്കീര്‍ണമായി. ഇതോടെയാണ് ബാങ്ക് മോഷണം നടത്താന്‍ ടെക്കി തീരുമാനിച്ചത്. അതാകട്ടെ വലിയ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ഐപിസി 392 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.