സൗദിയില്‍ റീ എൻട്രി വിസ പുതുക്കല്‍ ഇനി എളുപ്പമാകില്ല

കാലാവധി കഴിഞ്ഞ റീ എൻട്രി വിസ പുതുക്കാൻ സൗദി അറേബ്യ ഫീസ് ഏർപ്പെടുത്തി. റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞവർ അത് പുതുക്കാനായി സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷയോടൊപ്പം ഫീസും അടയ്ക്കണം.

ഇതുവരെ സൗജന്യമായി നൽകിയിരുന്ന സേവനത്തിനാണു സൗദി വിദേശകാര്യ മന്ത്രാലയം ഫീസ് ഏർപ്പെടുത്തിയത്. അവധിയിൽ പോയിട്ട് നിശ്ചിത കാലാവധിക്കകം തിരിച്ചു വരാനാകാത്ത വിദേശികൾക്ക് റീ എൻട്രി വിസയുടെ കാലാവധി നീട്ടി ലഭിക്കുന്നതിന് ഈ മാസം ആദ്യത്തോടെയാണ് ഫീസ് ഏർപ്പെടുത്തിയത്.

ആവശ്യമായ രേഖകൾ സഹിതം സൗദി കോൺസുലേറ്റിലോ എംബസിയിലോ അപേക്ഷ സമർപ്പിച്ചാൽ ഫീസൊന്നും ഈടാക്കാതെ രണ്ടാഴ്ച വരെ റീ എൻട്രി കാലാവധി നേരത്തെ നീട്ടി നൽകിയിരുന്നു. എന്നാൽ ഈ മാസം മുതൽ റീ എൻട്രി കാലാവധി ഒരുമാസത്തേക്കു നീട്ടി നൽകുന്നതാണ് 100 റിയാലും രണ്ടു മാസത്തേക്ക് 200 റിയാലും ഫീസ് ഈടാക്കും.

അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ്. എന്നാൽ റീ എൻട്രി വിസയുടെ കാലാവധി നീട്ടി ലഭിക്കുന്നത് ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും. ഒരുമാസമെങ്കിലും ഇഖാമക്ക് കാലാവധിയില്ലെങ്കിൽ റീ എൻട്രി പുതുക്കി ലഭിക്കുക ശ്രമകരമാണെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

error: Content is protected !!