കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പി.പി ദിവ്യക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പി.പി ദിവ്യക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. യൂത്ത് കോണ്ഗ്രസ് നേതാവായ ഷമീര്‍ മടക്കരയാണ് അറസ്റ്റിലായത്. വാട്സ്ആപ് ഗ്രൂപ്പ് വഴി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് പിന്നീട്  വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പി.പി ദിവ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഐ.ടി ആക്റ്റ് ചുമത്തിയാണ് ഷമീറിനെ കണ്ണൂര്‍ ടൌണ്‍ എസ്.ഐ ശ്രീജിത്ത്‌ കൊടെരി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് റിമാന്റ് ചെയ്യും.

ഇയാളെ കൂടാതെ നിരവധി പേര്‍ സന്ദേശം പ്രചരിപ്പിച്ച കേസില്‍ പ്രതികളാണ്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്. MSK@News എന്ന വ്യാജ വാട്സ്ആപ് ഗ്രൂപ്പ്  ആണ് സന്ദേശത്തിന്റെ ഉറവിടം.  തളിപ്പറമ്പ, ഇരിട്ടി, വളപട്ടണം തുടങ്ങിയ മേഖലകളില്‍ ഉള്ള യൂത്ത് കോണ്ഗ്രസ്, എസ്.ഡി.പി.ഐ, മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് പി.പി ദിവ്യ ന്യൂസ് വിങ്ങ്സിനോട്‌ പറഞ്ഞു. അറസ്റ്റിലായ ഷമീര്‍  കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ അടുത്ത അനുയായി ആണെന്നും ദിവ്യ ആരോപിച്ചു.

error: Content is protected !!