ശബരിമല: പോലീസ് കനത്ത ജാഗ്രതയില്‍; നിരോധനാജ്ഞ തുടരും

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന് നാലാം ദിവസവും പൊലീസ് കനത്ത ജാഗ്രതയിലാണ്. ഇന്നലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയതായി കലക്ടര്‍ ഉത്തരവിട്ടിരുന്നു. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലും നിലയ്ക്കലിലും പമ്പയിലും പൊലീസ് സുരക്ഷ കർശനമാണ്.

ശബരിമല കയറാനെത്തിയ യുവതികളെ സന്നിധാനത് തടഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയുന്ന 200 പേർക്കെതിരെ ഇന്നലെ സന്നിധാനം പോലീസ് കേസ് എടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചു സംഘം ചേരുക, പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുക, സുപ്രീം കോടതി വിധി അനുസരിച്ചെത്തിയ യുവതികളെ തടയുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധ നാമപജം നടത്തിയ പരികർമ്മികളുടെ പേര് വിവരങ്ങൾ ചോദിച്ച് ദേവസ്വം ബോർഡ് മേൽശാന്തിമാർക്ക് നോട്ടീസയച്ചു.

പോലീസിന്‍റെ ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരെ ഈ നിരോധനാജ്ഞ ബാധിച്ചിട്ടില്ല. മറിച്ച് പ്രതിഷേധത്തിനെത്തുന്നവരെയാണ് പൊലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഏതാണ്ട് 1200 ഏറെ പൊലീസുകാര്‍ പമ്പയിലും നിലയ്ക്കലുമായി നിലയിറപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

error: Content is protected !!