ഹര്‍ത്താല്‍ ; കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറ്, സംഘര്‍ഷത്തിന് സാദ്ധ്യത; പത്തനംതിട്ടയില്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നു

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പലയിടത്തും ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. മറ്റിടങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. സ്കാനിയാ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെയേ യാത്ര തുടരൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

അതേസമയം,  പത്തനംതിട്ടയിലെത്തിയ തീര്‍ഥാടകരാണ് ഏറെ നേരമായി കുടുങ്ങി കിടക്കുന്നത്.  ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെ ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു.

നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിൽ ഇന്നലെ കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറ് നടന്നിരുന്നു.  ഏഴിലധികം ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതോടെയാണ് സര്‍വീസ് റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. എന്നാല്‍, തീര്‍ഥാടകര്‍ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും ബസ് സര്‍വീസ് നടത്തുമെന്നും ഇതിന് ശേഷം മന്ത്രി വ്യക്തമാക്കി.

എന്നാല്‍, രാത്രി ഏറെ വെെകിയും പുലര്‍ച്ചുമായി പത്തനംതിട്ടയിലെത്തിയ തീര്‍ഥാടകര്‍ക്ക് ഇതുവരെ പമ്പയിലേക്ക് പോകാന്‍ ഒരു ബസ് പോലും ലഭിച്ചിട്ടില്ല. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ തീര്‍ഥാടകരോട് പെരുമാറരുതെന്ന പ്രതികരണമാണ് ഭക്തര്‍ പങ്കുവെയ്ക്കുന്നത്.

പൊലീസ് സംരക്ഷണം കിട്ടിയാല്‍ പോകാമെന്നുള്ള മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും തീര്‍ഥാടകര്‍ പറഞ്ഞു. നിലയ്ക്കലില്‍ നിന്നുള്ള ചെയിന്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കോടതി വിധി വെല്ലുവിളിച്ച്  ഹ‍ർത്താലിൽ വാഹനങ്ങൾ തടയുമെന്നും കടകൾ തുറക്കാൻ അനുവദിയ്ക്കില്ലെന്നും അഖില ഹിന്ദു പരിഷത്ത് അറിയിച്ചിട്ടുണ്ട്. അയ്യപ്പ ധർമ സംരക്ഷണ സമിതിയുൾപ്പടെയുള്ള ഹിന്ദു സംഘടനകളും ബിജെപിയും എന്‍ഡിഎയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്.

തീർഥാടനം സുഗമമാക്കാൻ കർശന ജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലിൽ നിന്ന് ഉൾപ്പടെ സമരക്കാരെ പൂ‍ർണമായി ഒഴിപ്പിയ്ക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേരെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. മറ്റ് പ്രതിഷേധക്കാര്‍ കാടുകളിലോ മറ്റ് പ്രദേശങ്ങളിലോ തങ്ങിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് കരുതലോടെയാണ് ശബരിമലയിലും സന്നിധാനത്തും പമ്പയിലും നിലയുറപ്പിച്ചിരിക്കുന്നത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയിൽ ഇന്ന് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി ഇലവുങ്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്‍റെ സമയപരിധി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കിൽ നിരോധനാ‍ജ്ഞ നീട്ടും. സമീപഭാവിയിലൊന്നും ശബരിമലയിൽ നിരോധനാ‍ജ്ഞ ഉണ്ടായിട്ടില്ല. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത നടപടി.

error: Content is protected !!