പുതുവൈപ്പ്; രണ്ടാംഘട്ട സമരത്തിന് കളമൊരുങ്ങുന്നു
കൊച്ചിയിലെ നിർദിഷ്ട പുതുവൈപ്പ് എല്‍പിജി പ്ലാന്‍റ് പദ്ധതിക്കെതിരായ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു. ഒരുവർഷം പിന്നിട്ടിട്ടും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് പ്രദേശവാസികള്‍ രണ്ടാംഘട്ട സമരത്തിന് തയ്യാറെടുക്കുന്നത്.
പുതുവൈപ്പിലെ നിർദിഷ്ട എല്‍പിജിപ്ലാന്‍റ് പദ്ധതിക്കെതിരായ പ്രദേശവാസികളുടെ സമരം 623 ദിവസം പിന്നിട്ടുകഴിഞ്ഞു. പരിസ്ഥിതി രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ശുപാർശ ചെയ്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒരു വർഷം പിന്നിടുമ്പോഴും നിർദേശങ്ങള്‍ പരിഗണിക്കാന്‍ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട സമരത്തിന് കളമൊരുങ്ങുന്നത്.
സുരക്ഷയെ സംബന്ധിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെട്ടില്ലെന്ന് സമരക്കാർ ആവർത്തിച്ചു. രണ്ടാം ഘട്ട സമരത്തില്‍ സാസ്കാരിക നായകരെയും സംസ്ഥാനത്തെ മത്സ്യതൊഴിലാളികളെയും ഉള്‍പ്പെടുത്തി സമരപ്രഖ്യാപന കൺവെന്‍ഷന്‍ നടത്താനാണ് ആലോചിക്കുന്നത്. കൊച്ചിന്‍ പോർട്ട് ട്രസ്റ്റിന്‍റെ മറ്റ് പദ്ധതിപ്രദേശങ്ങളിലേക്കും സമരം വ്യപിപ്പിക്കാനാണ് തീരുമാനം.
എറണാകുളം സിജെഎം കോടതിയില്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 46 പേരോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ മുദ്രാവാക്യങ്ങളോടെ സമരപന്തലില്‍നിന്നും യാത്രയാക്കി. 16 ഓളം കേസുകളിലായി പ്രദേശവാസികളടക്കം സമരത്തില്‍ പങ്കെടുത്ത 400 ലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.