സാലറി ചലഞ്ച്; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

സാലറി ചലഞ്ചിന്റെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്റ്റേ മറികടക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സാലറി ചലഞ്ചില്‍ നിന്ന് ജീവനക്കാര്‍ പിന്മാറാനുളള സാധ്യത മുന്‍കൂട്ടികണ്ടാണ് സര്‍ക്കാര്‍ നീക്കം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന ധനവകുപ്പിന്റൊ ഉത്തരവിലെ പത്താമത്തെ വ്യവസ്ഥയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. ഈ വ്യവസ്ഥയില്‍ നിര്‍ബന്ധിത സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഈ വ്യവസ്ഥ റദ്ദായാല്‍ സാലറി ചലഞ്ച് തന്നെ അപ്രസക്തമാകുമെന്ന വിലയിരുത്തലിലാണ് സ്റ്റേ മറികടക്കാനുളള വഴികള്‍ സര്‍ക്കാര്‍ തേടുന്നത്. ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തൊന്നായിരം പേരാണ് സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താല്പാര്യമില്ലെന്ന് കാട്ടി വിസമ്മത പത്രം നല്കിയത്. സ്റ്റേയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ ചലഞ്ചില്‍ നിന്ന് പിന്മാറുമോയെന്ന ആശങ്ക സര്‍ക്കാറിനുണ്ട്.

വിഷയത്തില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കാനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് ഹൈക്കോടതി നല്കിയിട്ടുളള നിര്‍ദ്ദേശം.  എന്നാല്‍ ഹൈക്കോടതി സ്റ്റേ ചെയ്ത ഒരു വ്യവസ്ഥ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് നീക്കാനാകുമോ എന്ന പ്രശ്നം നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ പോകുന്നത് സംബന്ധിച്ച് എജിയുടെ നിയോമപേദശം തേടുന്നത്.

സാലറി ചലഞ്ചില്‍ നിര്‍ബന്ധിത സ്വഭാവമുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. മാത്രമല്ല ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ വിസമ്മത പത്രം നല്കിയത് നിര്‍ബന്ധിത സ്വഭാവമില്ലെന്നതിന് തെളിവെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

error: Content is protected !!