സാലറി ചലഞ്ച്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
സാലറി ചലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കരുതെന്ന കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഈമാസം 29ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നൽകുന്ന സാലറി ചലഞ്ചിന്‍റെ ഭാഗമാകാൻ താല്പര്യമില്ലാത്തവരിൽ നിന്ന് വിസമ്മതപത്രം വാങ്ങേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതുസംബന്ധിച്ച ധനകാര്യ വകുപ്പിന്‍റെ ഉത്തരവിലെ പത്താമത്തെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സാലറി ചലഞ്ച് പദ്ധതിക്ക് തടസ്സമാകുമെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സാലറി ചലഞ്ചിൽ നിന്ന് ജീവനക്കാരെ പിന്മാറാൻ പ്രേരിപ്പിക്കും. ജീവനക്കാരെ നിര്‍ബന്ധിച്ചല്ല സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പാക്കുന്നത്.
ഇതുവരെ ഒരു ലക്ഷത്തി 81,000 ജീവനക്കാരാണ് സാലറി ചലഞ്ചിന്‍റെ ഭാഗമായിട്ടുള്ളത്. ഈ ഘട്ടത്തിലെ ഹൈക്കോടതി ഇടപെടൽ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ ഈ കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വരുന്ന തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും.