രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; സംഘര്‍ഷം തുടരുന്നു

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ താഴമണ്‍ തന്ത്രികുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തെയും മകള്‍ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പമ്പയിലെ സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നതിനെ തുടര്‍ന്നാണിത്. പമ്പയിലും സന്നിധാനത്തും സ്ഥാപിച്ച ബോര്‍ഡുകള്‍ നേരത്തെ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് പ്രാർഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുൽ ഈശ്വർ മുത്തശ്ശിയോടൊപ്പം നിലയ്ക്കലിൽ എത്തിയത്. പൊലീസ് രാഹുൽ ഈശ്വറിന്‍റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക്  കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നിലയ്ക്കലിൽത്തന്നെ പ്രാർഥനാ സമരം നയിക്കാൻ തന്ത്രികുടുംബം തീരുമാനിച്ചു.

യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്നായിരുന്നു രാഹുൽ ഈശ്വർ രാവിലെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. യുവതികളെ ശബരിമലയിൽ കയറ്റാൻ തിടുക്കം കാണിയ്ക്കുന്ന സർക്കാർ 93 വയസ്സുള്ള തന്‍റെ മുത്തശ്ശിയെ സന്നിധാനത്തേയ്ക്ക് പോകാൻ സമ്മതിക്കുന്നില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അതേസമയം, മല ചവിട്ടാന്‍ എത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്ര സ്വദേശി മാധവിയെയും ചേർത്തല സ്വദേശി ലിബി സി.എസിനെയും ആണ് അയ്യപ്പ ധർമസേന പ്രവർത്തകർ തടഞ്ഞത്. പമ്പയിൽ വെച്ചാണ് മാധവി അടക്കം ആറംഗ കുടുംബത്തെ പ്രതിഷേധക്കാർ തടഞ്ഞത്.

error: Content is protected !!