ശബരിമല: പ്രതിഷേധങ്ങള്‍ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെരുവില്‍ നടക്കുന്ന പ്രതിക്ഷേധങ്ങള്‍ കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ തെരുവില്‍ ഇറക്കിയത് വോട്ടു ലക്ഷ്യമിട്ടാണ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍ പാഷ ആരോപിച്ചു. റിവ്യൂ ഹര്‍ജി കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും വിധിയില്‍ തെറ്റില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരില്‍ പലരും വിളിച്ചു പറയുന്നതെന്നും അദേഹം പറഞ്ഞു.