ശബരിമല: ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കില്ല

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹരജി നല്‍കേണ്ടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കോടതി വിധി നടപ്പിലാക്കുമെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കേണ്ടെന്നാണ് തീരുമാനം.

പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് നിലപാട് തിരുത്തിയത്. ബോര്‍ഡ് തീരുമാനമനുസരിച്ച് മുന്നോട്ടുള്ള നിയമ നടപടികള്‍ തീരുമാനിക്കാനാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും നീക്കം. ഹിന്ദുവോട്ട് ഉറപ്പിക്കാൻ ഇതിലും നല്ല വിഷയമില്ലെന്ന് കോൺഗ്രസ്സും ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഇന്ന് കൂടിക്കാഴ്ച നടത്തി സമരം അടക്കമുള്ള കാര്യങ്ങളിലും തീരുമാനമെടുക്കും.

വിധിക്ക് കാരണം സർക്കാരാണെന്ന കോൺഗ്രസ്-ബിജെപി പ്രചാരണം തിരിച്ചടി ഉണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെങ്ങന്നൂരിലടക്കം പാർട്ടിയെ പിന്തുണച്ച ഭൂരിപക്ഷ വോട്ട് ചോരുമോ എന്നാണ് പേടി. വിധി നടപ്പാക്കണമെന്നാണ് സിപിഎം രാഷ്ട്രീയലൈൻ. പക്ഷെ ദേവസ്വം ബോർഡ് വഴി വിശ്വാസികളെ ഒപ്പം നിർത്തണമെന്ന ആഗ്രഹവുമുണ്ട്. എന്നാൽ റിവ്യു നൽകാനൊരുങ്ങുന്ന വിവിധ സംഘടനകളുടെ നിയമനീക്കത്തിൽ ബോർഡ് എന്ത് നിലപാട് എടുക്കണം എന്നുള്ളത് പ്രധാനമാണ്.

error: Content is protected !!