രഹന ഫാത്തിമയ്ക്ക് വീണ്ടും സ്ഥലംമാറ്റം

പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തി വിവാദത്തിലായ രഹന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ വീണ്ടും സ്ഥലംമാറ്റി. തിങ്കളാഴ്ച കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചില്‍നിന്നും രവിപുരത്തേക്കു മാറ്റിയ രഹനയെ ഇന്ന് പാലാരിവട്ടത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഇതിനിടെ രഹനയെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
തിങ്കളാഴ്ച രവിപുരം ബ്രാഞ്ചിലേക്കു മാറ്റിയതിനു പിന്നാലെ ബി.എസ്.എന്‍.എല്ലിലെ ഉദ്യോഗസ്ഥരെ ട്രോളി രഹന ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘അഞ്ച് വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നായിരുന്ന രഹന ഫേസ്ബുക്കിലിട്ട കുറിപ്പ്. ഇതിനു പിന്നാലെയാണ് പാലാരിവട്ടത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
സ്ഥലം മാറ്റിയതിനു പിന്നാലെ രഹനയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ വകുപ്പുതല അന്വേഷവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രഹനയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാന്‍ ബി.എസ്.എന്‍.എല്‍ സൈബര്‍ സെല്ലിന്റെ സഹായംതേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രഹനയ്‌ക്കെതിരെ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.