കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള തര്‍ക്കം മുറുകുന്നു; ഊര്‍ജ്ജിത് പട്ടേലിനെ വീണ്ടും പരിഗണിച്ചേക്കില്ല
മോദി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള തര്‍ക്കം മുമ്പെങ്ങുമില്ലാത്ത വിധം മുറുകുന്നു. കേന്ദ്ര ബാങ്കില്‍ ഇടപെട്ട് അതിന്റെ സ്വതന്ത്ര സ്വഭാവം തകര്‍ക്കുകയാണെന്ന് മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ നേരിടുന്ന ആരോപണമാണ്. ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലുമായി ധനകാര്യമന്ത്രാലയത്തിന് നല്ല ബന്ധമല്ല നിലവിലുള്ളത് എന്നത് പരസ്യമായ രഹസ്യവുമാണ്. ഇതിനിടിയിലാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ആര്‍ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രംഗത്ത് വന്നത്. സ്വതന്ത്ര ബാങ്കിനെ തകര്‍ക്കുന്ന തരത്തിലുള്ള മോദി സര്‍ക്കാരിന്റെ ഇടപെടല്‍ വന്‍ സാമ്പത്തിക ദുരന്തമാണ് രാജ്യത്തിന് സമ്മാനിക്കുക എന്ന മുന്നറിയിപ്പ് പരസ്യമായി പ്രഖ്യാപിച്ചാണ് വിരാല്‍ ആചാര്യ യുദ്ധത്തിന് പുതിയൊരു മാനം നല്‍കിയത്.
സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ബാങ്കിന്റെ നയരൂപീകരണമടക്കമുള്ള വിഷയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഇടയാക്കുമെന്നും ഇത് രാജ്യത്ത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് വിരാല്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്. ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെങ്കിലും ഇതൊന്നും അദ്ദേഹം അറിയാതെയല്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തിയുണ്ട്. അതുകൊണ്ട് അടുത്ത മാസം അവസാനിക്കുന്ന ഗവര്‍ണറുടെ മൂന്നു വര്‍ഷ കാലാവധി നീട്ടി നല്‍കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സാധാരണ നിലയില്‍ രണ്ട് ടേം ഗവര്‍ണര്‍മാര്‍ക്ക് നല്‍കാറുണ്ട്.