രാകേഷ് അസ്താന പൊലീസ് ഫണ്ടില്‍ നിന്നും 20 കോടി ബി.ജെ.പിയ്ക്കു നല്‍കിയെന്ന് പരാതി

അഴിമതി ആരോപണം നേരിടുന്ന സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന പൊലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 20 കോടി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു നല്‍കിയെന്ന് പരാതി. സൂറത്ത് പൊലീസ് കമ്മീഷണറായിരിക്കെ അദ്ദേഹം പൊലീസ് ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒരു റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി.ബി.ഐയ്ക്കു നല്‍കിയ ഇമെയില്‍ സന്ദേശത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഫണ്ട് കൈമാറുന്ന സമയത്ത് നരേന്ദ്രമോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയെന്നും ഇമെയില്‍ സന്ദേശത്തില്‍ ആരോപിക്കുന്നു.

ബി.ജെ.പിയുമായി അസ്താനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആദ്യ ഇമെയില്‍ സന്ദേശമല്ല ഇത്. ഇസ്രത് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘാംഗമായിരുന്ന മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ സതീഷ് വര്‍മ്മ 2012 ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ രാകേഷ് അസ്താനയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. അന്ന് വഡോദര കമ്മീഷണറായിരുന്ന അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാറുമായുണ്ടായ അതിരുകടന്ന ബന്ധം ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പരാതി.

2015ലും ഇത്തരത്തില്‍ പൊലീസ് വെല്‍ഫെയര്‍ ഫണ്ട് ബി.ജെ.പിയുടെ ഇലക്ഷന്‍ ഫണ്ടിലേക്ക് പോയിട്ടുണ്ടെന്ന് ആര്‍.ടി.ഐ ആക്ടിവിസ്റ്റായ മുഹമ്മദ് സുഹൈല്‍ ഷെയ്ക്ക് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വിവരാവകാശ പ്രകാരം മറുപടി തേടിയെങ്കിലും തനിക്ക് മറുപടി ലഭിച്ചില്ലെന്ന് സുഹൈല്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

error: Content is protected !!