പോണ്‍ സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം: ജിയോ നടപ്പാക്കി തുടങ്ങി

രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ആരംഭിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ക്ക് താഴിടണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 27നായിരുന്നു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നിര്‍ദേശം ലഭിച്ചത് ഒക്ടോബര്‍ എട്ടിനാണ്. തുടര്‍ന്നാണ് ഇത്തരം നടപടിയിലേക്ക് മന്ത്രാലയം നീങ്ങിയത്.

ഇതിന്‍റെ ഫലമായാണ് രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്വര്‍ക്കില്‍  അശ്ലീല പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ യൂസര്‍ ഫോറങ്ങളിലും മറ്റും നിരവധി പേരാണ് ഇതു സംബന്ധിച്ച പരാതി ഉന്നയിക്കുന്നത്.
റിലയന്‍സ് ജിയോ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കൊന്നും തന്നെ പോണ്‍ സൈറ്റുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യൂസര്‍ ഫോറങ്ങളിലും സൈബര്‍ ഗ്രൂപ്പുകളിലും ഉയരുന്ന പരാതി . ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ജിയോ നല്‍കിയിട്ടില്ല.

പരാതികളുടെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് അശ്ലീല സൈറ്റുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. സര്‍ക്കാര്‍/കോടതി നിര്‍ദേശപ്രകാരമല്ലാതെ  ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് സേവനദാതാവ് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് അപൂര്‍വ്വമാണ്.

error: Content is protected !!