മലകയറാന്‍ 46 കരിയെത്തി: പൊലീസ് ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചതോടെ തിരികെപ്പോയി

ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് നാൽപത്തിയാറുകാരിയായ സ്ത്രീ പമ്പയിലെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയാണ് മല കയറാനെത്തിയത്. ഒറ്റയ്ക്കാണ് ഇവരെത്തിയത്. ഇവർക്ക് ഇരുമുടിക്കെട്ടുണ്ടായിരുന്നില്ല. വിദ്യാരംഭത്തിന്‍റെ ദിവസമായതിനാൽ അയ്യപ്പനെ കാണണമെന്നാഗ്രഹിച്ചാണ് വന്നതെന്ന് മേരി സ്വീറ്റി ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ തരത്തിലുള്ള ആരാധനനാലയങ്ങളിലും പോകാറുണ്ടെന്നും മേരി സ്വീറ്റി പറഞ്ഞു. ഒരു ‘എക്സ്റ്റേർണൽ ഫോഴ്സ്’ തന്നെ നിയന്ത്രിയ്ക്കുന്നുണ്ടെന്നും അതിനാലാണ് അയ്യപ്പനെ കാണാനെത്തിയതെന്നും മേരി സ്വീറ്റി പറഞ്ഞു. ഗൾഫിലാണ് മേരി സ്വീറ്റി താമസിയ്ക്കുന്നത്. ഒരു പിആർ ഏജൻസി ജീവനക്കാരിയാണ്.

മല കയറുമെന്ന് മേരി സ്വീറ്റി വ്യക്തമാക്കിയതോടെ മലയിറങ്ങി വന്ന ഒരു സംഘമാളുകൾ ഇവർക്ക് ചുറ്റും നിന്ന് ശരണംവിളികൾ മുഴക്കി. തുടർന്ന് പൊലീസെത്തി. സുരക്ഷാപരവും ആചാരപരവുമായ പ്രശ്നങ്ങൾ പൊലീസ് അവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. ഇപ്പോൾ കയറിയ രണ്ട് യുവതികളെ തിരിച്ചിറക്കാൻ തന്നെ ബുദ്ധിമുട്ടുകയാണെന്നും ഇപ്പോഴങ്ങോട്ട് പോവുകയാണെങ്കിൽ സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടാണെന്നും പൊലീസ് അവരോട് പറഞ്ഞു. ആദ്യം വഴങ്ങാൻ തയ്യാറായില്ലെങ്കിലും പൊലീസ് ബുദ്ധിമുട്ടുകളും സുരക്ഷാപ്രശ്നങ്ങളും വിശദീകരിച്ചതോടെ അവർ തിരികെപ്പോകാൻ തയ്യാറാവുകയായിരുന്നു.

error: Content is protected !!