ശബരിമല: റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബ്രൂവറികൾക്ക് അനുമതി നൽകിയത് ഇടതു സർക്കാരിന്‍റെ നയം അനുസരിച്ചാണ്.  ഇക്കാര്യത്തിൽ അഴിമതി ആരോപിയ്ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാൻ ശ്രമിയ്ക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബ്രൂവറികൾ അനുവദിയ്ക്കുന്നത് മദ്യത്തിന്‍റെ ഇറക്കുമതി കുറയ്ക്കും. അതുവഴി അന്യസംസ്ഥാന മദ്യലോബിയ്ക്ക് നഷ്ടമുണ്ടാകും. ഇതിൽ അസ്വസ്ഥരായിട്ടാണോ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പത്രപരസ്യം നൽകിയല്ല ബ്രൂവറികൾ അനുവദിയ്ക്കുന്നത്. ഇത് ചെന്നിത്തലയ്ക്കും അറിയാമെന്നും പിണറായി പറഞ്ഞു.

ഒന്നരമണിക്കൂറോളം നീണ്ട വാർത്താ സമ്മേളനത്തിൽ ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രൂവറികൾ പുതുതായി തുടങ്ങുന്നത് തൊഴിലവസരം കൂട്ടും, നികുതി വരുമാനത്തിലും വർധനയുണ്ടാകും. ഇടത് സർക്കാരിന്‍റെ മദ്യനയത്തിൽ ആശങ്ക വേണ്ടെന്നും അർഹരല്ലാത്ത ആർക്കും ബ്രൂവറി ലൈസൻസ് നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം ബ്രൂവറി അഴിമതിയാരോപണം ഉന്നയിക്കുന്നതിന് പിന്നിൽ എന്താണെന്ന പരോക്ഷ ചോദ്യവും മുഖ്യമന്ത്രി ഉന്നയിക്കുന്നു. കേരളത്തിൽത്തന്നെ മദ്യ ഉത്പാദനം കൂട്ടിയാൽ ഇറക്കുമതി കുറയും. അന്യസംസ്ഥാന മദ്യക്കമ്പനികൾക്ക് നഷ്ടമുണ്ടാകും. ഇക്കാര്യം പ്രതിപക്ഷനേതാവിന് ബോധ്യമായിട്ടുണ്ടല്ലോയെന്നും പിണറായി ചോദിയ്ക്കുന്നു.

ചെന്നിത്തലയുടെ ആരോപണങ്ങൾ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പത്രപ്പരസ്യം നൽകിയല്ല ബ്രൂവറികൾ നൽകുന്നത്. അത് ചെന്നിത്തലയ്ക്കും അറിയാം. പത്രപ്പരസ്യം നൽകാത്തത് കുറ്റമാണെങ്കിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരുകളും കുറ്റക്കാരാണ്. അവരും പത്രപ്പരസ്യം നൽകിയല്ല, ബ്രൂവറികൾക്ക് അന്തിമലൈസൻസ് നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1999 -ലെ ഉത്തരവ് ഇനി ഡിസ്റ്റിലറികൾ തന്നെ വേണ്ട എന്നല്ല. പ്രതിപക്ഷനേതാവ് പുകമറ സൃഷ്ടിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബ്രൂവറികൾ അനുവദിയ്ക്കുന്ന കാര്യം മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരേണ്ട കാര്യമില്ല. ബ്രൂവറി റൂൾസ് അനുസരിച്ച് ഒരു വകുപ്പിന് മന്ത്രിസഭാ യോഗത്തിൽ അനുമതി തേടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!