ശബരിമല വിധി: പന്തളം രാജകുടുംബം ഇന്ന് പുന:പരിശോധന ഹര്‍ജി നല്‍കും

ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്കെതിരെ പന്തളം രാജ കുടുംബം ഇന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കും. പന്തളം കൊട്ടാരത്തിൽ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ യോഗത്തിനോട് അനുബന്ധിച്ചാണ് തീരുമാനം. സ്ത്രീ പ്രവേശന പ്രശ്നത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് യോഗം ചേര്‍ന്നത്. മുംബൈയിലുള്ള ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയും ഇന്ന് സുപ്രീംകോടതിയിൽ പുനപരിശോധന ഹര്‍ജി നൽകും.

കോടതി വിധിയെ മറകടക്കാനുള്ള സാധ്യതകളാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുന്നത്. ഒക്ടോബര്‍ 12 മുതല്‍ കോടതി അവധിയായതിനാല്‍ ആണ് ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത്. ഹര്‍ജിയുമായി മുന്നോട്ട് പോകാനാണ് നിലവിലെ തീരുമാനം.

ശബരിമലയിലേക്ക് നാമജപ പദയാത്ര നടത്താനും ആലോചനയുണ്ട്. നലവില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് നേരത്തേ പന്തളം കൊട്ടാരം അറിയിച്ചിരുന്നു. നിലവില്‍ പത്തനംതിട്ടയിലെ വിവിധ ഇടങ്ങളില്‍ നാമജപ യാത്രകള്‍ നടക്കുന്നുണ്ട്. ഇത് ഭക്തര്‍ നേരിട്ട് നടത്തുന്നതാണ്. കൊട്ടാരം ഈ പ്രതിഷേധങ്ങളില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റ ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കണ്ടു.  ശബരിമലയിലെ പൊലീസ് വിന്യാസത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം ശബരിമല തീർഥാടന അവലോകന യോഗം 11 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

എന്നാല്‍ പ്രതിഷേധങ്ങള്‍ തുടരാനാണ് ആര്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ തീരുമാനം. ശബരിമല വിഷയത്തിൽ കൂടിയാലോചനകൾക്കായി ആര്‍എസ്എസ് നു കീഴിലുള്ള 41 പരിവാർ സംഘടനകളുടെ ജില്ലാഭാരവാഹികൾ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗം എളമക്കര ഭാസ്ക്കരീയത്തിൽ നടക്കുകയാണ്.

error: Content is protected !!