ശബരിമല: ദേവസ്വം ബോര്‍ഡ് നിലപാട് മയപ്പെടുത്തുന്നു, സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിയ്ക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ യോഗം നാളെ ചേരും. വിശ്വാസികളുടെ താത്പര്യവും ആചാരാനുഷ്‍ഠാനങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ ഇടപെടുമെന്നാണ് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്‍മകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
സ്ത്രീപ്രവേശനവിധിക്കുശേഷമുള്ള ഗുരുതര സാഹചര്യം സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നടപടിക്രമം ഇല്ലെന്നും അങ്ങനെ ചെയ്യുന്നത് തിരിച്ചടിയാകുമെന്നും നിയമ വിദഗ്‍ധർ ഉപദേശം നൽകിയ സാഹചര്യത്തിലാണ് ബോർഡ് നിലപാട് മയപ്പെടുത്തിയത്.
നാളെ ചേരുന്ന യോഗത്തിന് ശേഷം ദേവസ്വം കമ്മീഷണർ നേരിട്ട് ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് സുപ്രീംകോടതിയിൽ എടുക്കേണ്ട നിലപാടിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കും. എല്ലാ നടപടികൾക്കും മേൽനോട്ടം വഹിയ്ക്കാൻ ദേവസ്വം കമ്മീഷണർ ഡല്‍ഹിയില്‍ ഉണ്ടാകും.
മുമ്പ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‍വിയെത്തന്നെ നിയോഗിക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. 26 പുനഃപരിശോധനാഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാണ്. അതുകൊണ്ടുതന്നെ എല്ലാ ഹർജികളിലും കോടതിയിൽ ബോർഡിന് നിലപാടും അറിയിക്കേണ്ടി വരും.