പി.കെ ശശി വിഷയം സിപിഎം സംസ്ഥാന കമ്മിറ്റി പരിഗണിച്ചില്ല
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണ വിഷയം സിപിഎം സംസ്ഥാന കമ്മിറ്റി പരിഗണിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാനുണ്ടെന്നുമാണ് വിശദീകരണം. അടുത്തമാസമാണ് ഇനി സംസ്ഥാന കമ്മിറ്റി കൂടുന്നത്. ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചാണ് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമായും ചര്‍ച്ച ചെയ്തത്. സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും പി.കെ ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നില്ല.
പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
2017 ഡിസംബറില്‍ നടന്ന സംഭവമാണ് പരാതിക്കടിസ്ഥാനം. പല പാർട്ടി ഘടകങ്ങളിൽ പലപ്പോഴായി വിഷയമവതരിപ്പിച്ചപ്പോഴും നിരുത്സാഹപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി എഴുതി തയ്യാറാക്കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കുന്നത്. രണ്ടാഴ്ച കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെ പരാതിയുടെ കോപ്പി ജനറല്‍ സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ടിനും അയച്ചു. സെപ്റ്റംബര്‍ മൂന്നിന് വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കിലും നാലാം തിയ്യതി നടന്ന പാലക്കാടു ജില്ല കമ്മിറ്റി യോഗത്തിനെത്തിയ പി.കെ ശശിയും ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും അങ്ങനെയൊരു പരാതിയെ ഇല്ലെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും പരാതിയുണ്ടെന്നു സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ മന്ത്രി എ കെ ബാലനും പി കെ ശ്രീമതി എം പി യും അംഗങ്ങളായ രണ്ടംഗ കമ്മീഷനെക്കൊണ്ട് പരാതിയെക്കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.