ദേശീയപാത: സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതാണ് തടസ്സമെന്ന വാദം പച്ചക്കള്ളം- മന്ത്രി ജി സുധാകരന്‍; താഴെ ചൊവ്വ സമാന്തര പാലം ഉദ്ഘാടനം ചെയ്തു
ദേശീയപാത വികസനത്തിന് തടസ്സം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാത്തതാണെന്ന ആരോപണം പച്ചക്കള്ളമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സ്ഥലമുടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയില്‍ നയാപൈസ പോലും ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി സ്ഥലമേറ്റെടുക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പിന്നാലെ നടക്കുകയാണ്. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സര്‍വേ കല്ല് പോലും ഇടാന്‍ സമ്മതിക്കാതെ പ്രവൃത്തികള്‍ നിര്ത്തിവയ്പ്പിച്ചിരിക്കുകയാ ണ് കേന്ദ്രം. അല്ലായിരുന്നുവെങ്കില്‍ ദേശീയ പാതാ വികസനം ഇതിനകം ആരംഭിക്കാനാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
താഴെചൊവ്വയില്‍ പുതുതായി നിര്‍മിച്ച സമാന്തര പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭൂമിക്ക് വലിയ വിലയാണെന്ന കാരണം പറഞ്ഞാണ് നഷ്ടപരിഹാരത്തുക കേന്ദ്രം അനുവദിക്കാതിരിക്കുന്നത്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ കൂടുതല്‍ തുക നല്‍കിയല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ല എന്ന കാര്യം കേന്ദ്ര ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നേരത്തേ സംസാരിച്ച് ബോധ്യപ്പെടുത്തിയതാണ്. അതേസമയം, ബംഗളൂരുവില്‍ കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ അടുത്ത കാലത്തായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വികസനം നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലര്‍ കേന്ദ്രത്തിലുണ്ട്. മന്ത്രി നിധിന്‍ ഡഗ്കരി അക്കൂട്ടത്തിലുണ്ടായിരുന്നില്ല. അദ്ദേഹത്തിനു മേല്‍ വലിയ സമ്മര്‍ദ്ദമാണെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണം നവംബറില്‍ തുടങ്ങാമെന്ന് കേന്ദ്ര മന്ത്രിയുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നേരത്തേ തീരുമാനിച്ചതാണ്. നവംബറില്‍ നിര്‍മാണം തുടങ്ങുകയാണെങ്കില്‍ അടുത്ത രണ്ടര വര്‍ഷത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.
രണ്ടര വര്‍ഷത്തിനിടയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് കണ്ണൂരില്‍ നടന്നുവരുന്നത്. വിമാനത്താവളം കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 10,000 കോടിയിലേറെ വരും. കേരളപ്പിറവിക്കു ശേഷം ഇതുവരെ ജില്ലയ്ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഈ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചു. കേന്ദ്രറോഡ് ഫണ്ട് വഴി കേരളത്തിന് ലഭിച്ച റോഡുകളില്‍ പകുതിയും കണ്ണൂരിലാണെന്നും മന്ത്രി പറഞ്ഞു. 2020ഓടെ ജില്ലയിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളും ഉന്നതനിലവാരത്തിലെത്തിക്കും. ഒരോ മണ്ഡലത്തിലെയും ഓരോ റോഡ് വീതം അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ പി ലത, പി കെ ശ്രീമതി ടീച്ചര്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി എസ് സിന്ധു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ പ്രകാശ് ബാബു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി ശശി, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 3.5 കോടി രൂപ ചെലവിലാണ് താഴെ ചൊവ്വ പാലവും അനുബന്ധ റോഡുകളും നിര്‍മിച്ചത്.