അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി
അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. കെ. കൗൾ, കെ. എം ജോസഫ് എന്നിവരും മൂന്നംഗ ബഞ്ചിൽ ഉണ്ട്. നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ ബെഞ്ചിൽ ജസ്റ്രിസുമാരായ അരുൺ മിശ്ര, അബ്ദൂൾ നസീർ എന്നിവരുണ്ടായിരുന്നു. രണ്ട് ജഡ്ജിമാരെ മാറ്റിയാണ് പുതിയ ബഞ്ച് കേസെടുക്കുന്നത്.
അതേസമയം അയോധ്യയിലെ തർക്കഭൂമി ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് നൽകണമെന്ന അലബഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് ചീഫ് ജസ്റ്റീസ് ദീപത് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് മുമ്പ് പരിഗണിച്ചത്. വാദം തുടങ്ങിയപ്പോൾ തന്നെ കേസിന്‍റെ വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ ചരിത്ര രേഖകളടക്കം 19,590 രേഖകൾ പരിഭാഷപ്പെടുത്തി സമർപ്പിച്ചിട്ടുണ്ടെന്ന് യുപി സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
എന്നാൽ പ്രധാനരേഖകൾ കേസിലെ കക്ഷികൾക്ക് ലഭ്യമാക്കും മുൻപ് വാദം തുടങ്ങരുതെന്നും കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്നും വഖഫ് ബോർഡ് ആവശ്യപ്പെട്ടു. കേസിൽ അന്തിമവാദം ഇപ്പോൾ കേൾക്കുന്നത് വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ജൂലൈ 15 ന് മാത്രമെ വാദം കേൾക്കാവൂവെന്നും കപിൽ സിബൽ വാദിച്ചു.
മറ്റൊരു കക്ഷിയായ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും ഇതിനെ പിന്തുണച്ചു. എന്നാൽ രേഖകൾ ശേഖരിക്കാൻ സമയം അനുവദിച്ച കോടതി വഖഫ് ബോർഡിന്‍റെ മറ്റെല്ലാ ആവശ്യങ്ങളും നിരാകരിച്ചു.