അമൃത്‌സര്‍ ട്രെയിന്‍ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കുമെന്ന് നവജ്യോത് സിങ് സിദ്ദു

പഞ്ചാബിലെ അമൃത്‌സറില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ഭര്‍ത്താവിനെ നഷ്ടമായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും സിദ്ദു വ്യക്തമാക്കി. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ താനും ഭാര്യയും ചേര്‍ന്ന് ദത്തെടുക്കുമെന്നാണ് സിദ്ദു അറിയിച്ചത്. കുട്ടികളുടെ വിദ്യഭ്യാസവും മറ്റ് ചെലവുകളും വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദസറ ആഘോത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയുണ്ടായ ദുരന്തത്തില്‍ 61 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ദുരന്തത്തിനിരയായ 21 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. മറ്റുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ തുക കൈമാറുമെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ മുഖ്യാതിഥിയായിരുന്ന ദസറ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. ജോനാപഥകിലെ ദസറ ആഘോഷത്തിനിടെ ആയിരുന്നു അപകടം. ട്രാക്കിനു സമീപം രാവണന്റെ രൂപം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ട്രാക്കില്‍ കൂടിനിന്ന ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വന്ന ജലന്ധര്‍ എക്‌സ്പ്രസ് ആയിരുന്നു അപകടമുണ്ടാക്കിയത്.

തിരക്ക് നിയന്ത്രിക്കാന്‍ പരിപാടിയുടെ സംഘാടകര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു. സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരിനും റെയില്‍വേയ്ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വോഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!