മണ്ഡല കാലത്ത് നട തുറന്നാല്‍ മണ്ഡലം കഴിയും വരെ ബി.ജെ.പി പ്രവര്‍ത്തകര്‍ സന്നിധാനത്തുണ്ടാകും: എംടി രമേഷ്

24 മണിക്കൂര്‍ സമയം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ മണ്ഡല കാലത്തില്‍ നട തുറന്നാല്‍ മണ്ഡലം കഴിയും വരെ പ്രാര്‍ഥനയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ സന്നിധാനത്തുണ്ടാവുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. സര്‍ക്കാര്‍ പോലീസ് രാജ് ഉപയോഗിച്ച് നിരപരാധികളായ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ്. അക്രമം നടത്തിയ പോലീസുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് ഞങ്ങളും പുറത്ത് വിടും.

പോലീസ് പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നൂവെങ്കില്‍ എന്തുകൊണ്ട് അയാളെ അറസ്റ്റ് ചെയ്യുന്നില്ലായെന്നും എം.ടി രമേശ് ചോദിച്ചു. പോലീസുകാരെ അണിനിരത്തി വിശ്വാസികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് പിണറായി വിജയന്റെ ശ്രമം. ഇത് നിര്‍ത്തിയില്ലെങ്കില്‍ പോലീസ് രാജും വിശ്വാസികളും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ നയിക്കുക. ഇതിന് ശ്രമിക്കരുതെന്നും എം.ടി രമേശ് ഭീഷണിപ്പെടുത്തി.

കോടതി പറഞ്ഞത് ഹിന്ദുവിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കും ശബരിമല സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കണമെന്നാണ്. തുലാമാസ പൂജാ സമയത്ത് ശബരിമലയില്‍ സര്‍ക്കാര്‍ കയറ്റാന്‍ ശ്രമിച്ചത് ഹിന്ദു വിശ്വാസികളായ സ്ത്രീകളെ ആയിരുന്നില്ല. അപ്പോള്‍ കോടതിയലക്ഷ്യം നടത്തിയത് ഐ.ജി ശ്രീജിത്തും, മനോജ് എബ്രഹാമും മറ്റ് 200 പോലീസുകാരുമാണ്. ഇവര്‍ക്കെതിരേ ആദ്യം നടപടിയെടുക്കൂവെന്നും രമേശ് പറഞ്ഞു.

ശബരിമലയിലെ വിശ്വാസ സമയം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആളായിട്ടില്ലെന്നും നെയ്യഭിഷേകം പോലെയുള്ള അയ്യപ്പഭക്തന്റെ ചടങ്ങുകള്‍ എ.കെ.ജി സെന്ററില്‍ നടത്താന്‍ കഴിയില്ലെന്നും എം.ടി രമേശ് വിമര്‍ശിച്ചു. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനെ നിയന്ത്രിക്കുമ്പോലെ ശബരിമലയെ നിയന്ത്രിക്കാന്‍ നോക്കണ്ടെന്നുംഎം.ടി രമേശ് പറഞ്ഞു.

error: Content is protected !!