94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങൾ നിര്‍മ്മിച്ചു; നരേന്ദ്രമോദി

സ്വച്ഛഭാരത് പദ്ധതി ജനസമരം ആക്കി മാറ്റാൻ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങൾ നി‍ർ‍മ്മിക്കാൻ പദ്ധതിയിലുടെ കഴിഞ്ഞെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ദില്ലിയിൽ മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷിക ആഘോഷങ്ങളുടെ തുടക്കത്തിൽ ലോക ശുചിത്വ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു  നരേന്ദ്ര മോദി. ശുചിത്വത്തിനായുളള പ്രചാരണം ഏറ്റെടുത്തതിന് മാതാ അമൃതാനന്ദമയി ഉൾപ്പടെയുള്ളവർക്ക് മോദി നന്ദി പറഞ്ഞു.

വൻമാറ്റത്തിന് ഇടയാക്കിയ പദ്ധതിക്കാണ് ഇന്ത്യ തുടക്കമിട്ടതെന്ന് ഐക്യരാഷ്ട സഭാ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് വ്യക്തമാക്കി. 124 രാജ്യങ്ങളിലെ കലാകാരൻമാർ ചേർന്ന് വൈഷ്ണവ ജനതോ ആലപിക്കുന്ന വീഡിയോ വിദേകാര്യമന്ത്രാലയം പുറത്തു വിട്ടു. വാർധയിലെ സേവാഗ്രാം ആശ്രമത്തിൽ ഒത്തു ചേർന്ന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗം നടത്തി. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപക പ്രചരണം തുടങ്ങുന്നതിനെക്കുറിച്ചാലോചിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതിയും വാർധയിൽ ചേരും.

error: Content is protected !!