രാജ്യത്ത് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താതെ 199 എം.എല്‍.എമാര്‍; കൂടുതല്‍ കേരളത്തില്‍
രാജ്യത്തെ ഏഴ് പാര്‍ലമെന്റ് അംഗങ്ങളും 199 എം.എല്‍.എ.മാരും സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 542 ലോക്‌സഭാ എം.പി.മാരുടേയും 4086 എം.എല്‍.എ.മാരുടേയും പാന്‍ വിവരങ്ങള്‍ അവലോകനം ചെയ്ത അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും നടത്തിയ അന്വേഷണത്തിലാണ് വെളിപ്പെടുത്തല്‍. കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത എം.എല്‍.എമാരില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്. പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയോടൊപ്പം പാൻ വിശദാംശങ്ങൾ റിട്ടേണിംഗ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിക്കണം.
പാൻ കാർഡ് സമർപ്പിക്കാത്ത എംഎൽഎമാരിൽ 51 പേർ കോൺഗ്രസിൽ നിന്നും 42 പേർ ബിജെപിയിൽ നിന്നും 25 പേർ സിപിഎമ്മില്‍ നിന്നുമുള്ളവരാണ്. ഇതിൽ സംസ്ഥാന തലത്തിൽ പാൻ കാർഡ് സമർപ്പിക്കാത്ത എംഎൽഎമാർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 140 എംഎൽഎമാരിൽ 33 പേരും പാൻ സമർപ്പിക്കാതെയാണ് മത്സരിച്ചത്. മിസോറാം (28), മധ്യപ്രദേശ് (19) എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനത്തായി തൊട്ടുപുറകിലുണ്ട്. മിസോറാമിലെ 40 എംഎൽഎമാരിൽ 28 പേർ പാൻ കാർഡ് സമർപ്പിച്ചിട്ടില്ല.
ഒഡീഷ, തമിഴ്നാട്, ആസം, മിസോറാം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എംപിമാരാണ് പാൻ വിശദാംശങ്ങൾ നൽകാതെ മത്സരിച്ചത്. ഒഡീഷയിൽ നിന്ന് രണ്ട് ബിജെഡി എംപിമാരും തമിഴ്നാട്ടിൽനിന്ന് രണ്ട് എഐഡിഎംകെ എംപിമാരും മറ്റ് സംസ്ഥാനങ്ങളിലെ ഓരോ എംപിമാരും വീതം പാൻ വിവരങ്ങൾ നൽകിയിട്ടില്ല.
ഏറ്റവും കൂടുതൽ തവണ പുനര്‍ തെരഞ്ഞെടുപ്പ് നടത്തിയ ബിജെപി(18), കോൺഗ്രസ്സ് (9), ജെഡിയു (3) എംഎൽഎമാരുടെ പാൻ വിശദാംശങ്ങൾ വൈരുദ്ധ്യം നിറഞ്ഞതാണ്. കൂടാതെ ബിജെഡി (4), ബിജെപി(2), കോൺഗ്രസ്സ് (2) എന്നീ എംപിമാരുടേയും പാൻ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.