സിനിമ ഷൂട്ടിങ്ങിനിടെ പീഡനം: രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂ.സി.സി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.

‘ഒന്നരവര്‍ഷം മുന്‍പ് മലയാള സിനിമാ മേഖലയില്‍ നടന്ന ഒരു സംഭവം. 17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി എന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു. ആ സംഭവം എന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്. അത് ആര്‍ക്കും ഇനി സംഭവിക്കാന്‍ പാടില്ല’. എന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍.

error: Content is protected !!