ഗീര്‍വനത്തില്‍ സിംഹങ്ങളുടെ കൂട്ടമരണം : കാരണം വൈറസ്

ഗുജറാത്തിലെ ഗീര്‍വനത്തില്‍ ദിവസങ്ങള്‍ക്കകം 31 സിംഹങ്ങള്‍ ദിവസങ്ങള്‍ക്കിടെ ഇവിടെ ചത്തുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പരസ്പരമുള്ള ഏറ്റുമുട്ടലിലാണ് ഇവ മരണപ്പെട്ടതെന്നായിരുന്നു വനംവകുപ്പ് ആദ്യം പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ല എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്.
1990 കളില്‍ ടാന്‍സാനിയയില്‍ ആയിരത്തിലധികം സിംഹങ്ങളുടെ മരണത്തിന് കാരണമായ അതേ വൈറസാണ് ഗുജറാത്തിലെ സിംഹങ്ങളുടെ കൂട്ട മരണത്തിന് പിന്നിലുമെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം അധികൃതര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട നാല് സിംഹങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഏറ്റവും ഒടുവിലായി ചത്ത പത്ത് സിംഹങ്ങളില്‍ നാലെണ്ണത്തിന്‍റെ ശരീരത്തില്‍ ക്യാനെയിന്‍ ഡിസ്റ്റംബര്‍ എന്ന വൈറസ് കണ്ടെത്തിയിട്ടുണ്ട്. നായകളില്‍ നിന്ന് പടരുന്ന ഈ വൈറസാണ് 1994 ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗെറ്റി നാഷണല്‍ പാര്‍ക്കില്‍ ആയിരത്തിലധികം സിംഹങ്ങളുടെ മരണത്തിന് കാരണമായത്.
ഗീര്‍ വനത്തില്‍ ചത്ത സിംഹങ്ങളില്‍ പരിശോധന നടത്തിയ പത്തില്‍ നാലെണ്ണത്തിന്‍റെ ശരീരത്തില്‍ മാത്രമാണ് ഇതുവരെയും ക്യാനെയിന്‍ ഡിസ്റ്റംബര്‍ വൈറസ് കണ്ടെത്തിയത്. ആറ് സിംഹങ്ങളെ കൂടുതല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ക്യാനെയിന്‍ ഡിസ്റ്റംബര്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ രാജ്യത്തിന് അഭിമാനമായ ഗീര്‍വനത്തിലെ സിംഹങ്ങളുടെ ജീവന്‍ സംബന്ധിച്ച് ഭീതി ഉയര്‍ന്നിട്ടുണ്ട്.
ഗീര്‍ വനത്തിലെ മറ്റ് സിംഹങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പുകള്‍ അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 2015 കണക്കുകള്‍ പ്രകാരം ഗീര്‍വനത്തില്‍ 521 സിംഹങ്ങളാണുള്ളത്. ഇവയുടെ ജീവന്‍ സംരക്ഷിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.