കെ എസ് ആര്‍ ടി സി ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; നിര്‍ത്താതെ പോയ ബസ് പിടികൂടി

കെ എസ് ആര്‍ ടി സി ബസിടിച്ച് വഴിയാത്രക്കാരനായ മത്സ്യവില്‍പ്പനക്കാരന്‍ മരിച്ചു. അപകടം വരുത്തി നിര്‍ത്താതെപോയ ബസ് കാഞ്ഞങ്ങാട് വെച്ച് പിടികൂടി. ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ പയ്യന്നൂര്‍ എടാട്ട് പി ഇ എസ് സ്കൂളിനടുത്താണ് അപകടം. എടാട്ട് പറമ്പത്ത് എ കെ ജി വായനശാലക്ക് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന പൈതലേന്‍ ഗണേശനാ (52) ണ് മരിച്ചത്. രാത്രി റോഡരുകില്‍കൂടി നടന്നു പോകുകയായിരുന്ന ഗണേശനെ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ അപകടം വരുത്തിയ ബസ് നിര്‍ത്താതെ പോവുകയായിരുന്നു.രക്തത്തില്‍ കുളിച്ച് കിടന്ന ഇയാളെ അതുവഴി വന്നവരാണ് കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏത് വാഹനമാണ് ഇടിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞത്. ബസ് കാഞ്ഞങ്ങാട് വെച്ച് പിടികൂടിയതായി പൊലീസ് അറിയിച്ചു. പാവപ്പെട്ട കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു മരിച്ച ഗണേശന്‍. ഭാര്യ: സി ശോഭ. മക്കള്‍: ഗ്രീഷ്മ, ഗ്രീന ലക്ഷ്മി, ജിഷ്ണ. മരുമകന്‍: അജീഷ്. സഹോദരങ്ങള്‍: ശേഖരന്‍, കൗസല്യ, ചന്ദ്രമതി, നന്ദിനി, സരോജ്, പരേതനായ ബാലന്‍.