ഇവിടെ വരുമ്പോഴെല്ലാം സന്തോഷം, പ്രളയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ കേരളത്തെ പുകഴ്ത്തി കോഹ്‌ലി
പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കോഹ്‌ലി കുറിച്ചത്. നേരത്തെ പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുമുണ്ടായിരുന്നു.
‘കേരളത്തിലെത്തുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഇവിടുത്തെ ഓരോ സ്ഥലങ്ങളും എനിക്ക് പ്രിയമാണ്. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാട് ആസ്വദിക്കാന്‍ ഞാന്‍ എല്ലാവരേയും ശുപാര്‍ശ ചെയ്യും. കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമാണിവിടം. വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സുന്ദര സ്ഥലത്തിന് നന്ദി’
എന്നാണ് വിരാട് കോഹ്‌ലി ലീലാ ഹോട്ടലിലെ ബുക്കില്‍ കുറിച്ചത്.
പ്രളയകെടുതിക്കിടെ മറക്കാനാവാത്ത പിന്തുണയാണ് നായകന്‍ കോഹ്ലിയും ടീം ഇന്ത്യയും കേരളത്തിന് നല്‍കിയത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 203 റണ്‍സിന്റെ കൂറ്റന്‍ ജയം കേരളത്തിനായിരുന്നു കോഹ്ലി സമര്‍പ്പിച്ചത്. ആ മത്സരത്തിന്റെ പ്രതിഫലമായ 1.26 കോടി രൂപ ടീം ഇന്ത്യ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ വരെ ആരാധകര്‍ ആര്‍പ്പുവിളികളുമായി എത്തിയിരുന്നു. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്.
സ്വന്തം നാട്ടിലെത്തിയതുപോലുള്ള അനുഭവമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ട്ട് ട്വിറ്ററില്‍ കുറിച്ചത്. വ്യാഴാഴ്ച്ചയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അവസാന ഏകദിനം കാര്യവട്ടത്ത് നടക്കുക. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്
Arrived in Trivandrum ahead of 5th ODI vs India.
Location reminds us so much of home! #WindiesCricket #ItsOurGame pic.twitter.com/SRGSzLacKz— Windies Cricket (@windiescricket) October 30, 2018