ശബരിമലയില്‍ പോകുന്നവര്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാര്‍; കോടിയേരി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇരട്ടത്താപ്പ് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് കൊടിപിടിക്കാന്‍ ആളുണ്ടാകില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്യൂണിസ്റ്റുകാര്‍ വിശ്വാസ വിരുദ്ധരെന്ന് വരുത്താനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കമ്യൂണിസ്റ്റുകാരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.

അവര്‍ പള്ളികളിലും അമ്പലങ്ങളിലും പോകില്ലെന്ന് വച്ചാൽ ആരാധനാലയങ്ങളിൽ ആളുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരാണ്. മലയ്ക്ക് പോകുന്നവർ പാർട്ടി യോഗങ്ങൾ കണ്ടാൽ ഇൻക്വലാബ് വിളിച്ച് മലയ്ക്ക് പോകുമെന്നും കോടിയേരി പറഞ്ഞു. ശബരിമല ക്ഷേത്രം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന പ്രയാർ ഗോപാല കൃഷ്ണന്റെ ആഭിപ്രായമാണോ കോൺഗ്രസിനെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം. ഇനിയും ഇരട്ടത്താപ്പ് തുടർന്നാൽ കോൺഗ്രസിന്റെ കൊടി പിടിക്കാൻ ആളുണ്ടാകില്ല.

ഉദ്ഘാടനം ചെയ്യാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷാ ഇറങ്ങിയത് പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിയുടെ സീറ്റുകൾ കൂടുകയേ ഉള്ളൂവെന്നും കോടിയേരി വ്യക്തമാക്കി. കമ്യൂണിസ്റ്റ്കാർ യഥാർത്ഥ വിശ്വാസികൾക്കൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോഗത്തില്‍ വ്യക്തമാക്കി. തന്റെ അച്ഛൻ 21 വട്ടം ശബരിമല കയറിയ ആളെന്നും കാനം പറഞ്ഞു.

error: Content is protected !!