ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ കലാപമുണ്ടാകും; കെ. സുധാകരന്‍

ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ.  ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്. അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ല. സർക്കാർ പക്വതയോടെ ഇടപെട്ടില്ലെങ്കിൽ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തിൽ ഉണ്ടായത് പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാകുമെന്നും കെ സുധാകരൻ കണ്ണൂരിൽ  പറഞ്ഞു.

പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതി വിധി നടപ്പാക്കാൻ തമിഴ്നാട് സർക്കാർ കാണിച്ച ധൃതിയാണ് തമിഴ്നാട്ടിൽ കലാപമുണ്ടാക്കിയത്. ഇവിടെയും സർക്കാർ ധൃതി പിടിച്ചു നടപടികളാണ് വിധി നടപ്പാക്കാൻ സ്വീകരിക്കുന്നത്. പതിനെട്ടാം പടിയിൽ വനിതാ പോലീസിനെ നിയോഗിക്കാൻ ഭക്തർ അനുവദിക്കുമോയെന്ന് ഗൗരവപൂർവം പരിശോധിക്കണം. വിധിക്കെതിരേ സുപ്രിം കോടതിയിൽ റിവ്യൂ ഹരജി നൽകാൻ സർക്കാർ തയ്യാറാകണം. ദൈവവിശ്വാസമില്ലാത്ത അവിശ്വാസികളായ കമ്യൂണിസ്റ്റുകാരുടെ ഭരണകാലത്ത് വിശ്വാസികൾ വിശ്വാസ സംരക്ഷണത്തിനായി കലാപത്തിനിറങ്ങുന്ന ഗതികേടുണ്ടാകരുത്. ആചാരം നിലനിർത്താനാവശ്യമായ നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറാകണം. തന്ത്രപരമായ നീക്കത്തിലൂടെ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് ആചാരം നിലനിർത്താൻ നിയമമുണ്ടാക്കിയതിലൂടെയാണ് തമിഴ്നാട്ടിൽ കലാപം ഒഴിവായത്.

ഹിന്ദു  മതത്തിന്റെ വിശ്വാസ പ്രമാണങ്ങളുമായി ബന്ധപ്പെട്ട പുതിയ വിധി നാളെ മറ്റ് മതങ്ങളുടെ ഉള്ളറകളിലും കയറിയിറങ്ങി നിയന്ത്രിക്കാനുള്ള അവസരമാണ് കോടതി ഉണ്ടാക്കുന്നത്. നാളെ കുംബസാരം പാടില്ലെന്ന് കോടതി പറഞ്ഞാൽ എന്താകും സ്ഥിതി. വൈവിധ്യങ്ങളിലധിഷ്ഠിതമായ ആചാരങ്ങളിൽ കോടതി ഇടപെട്ടാൽ അവസര വാദികൾ മുതലെടുക്കും. ഭരണഘടനാനുസൃതമായി ആചാരങ്ങളെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.

ഇസ്ലാം മതത്തിൽ മുത്തലാഖ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആ മതനേതൃത്വത്തിനാണ്. അല്ലാതെ കോടതിക്ക് അതിനുള്ള അധികാരമില്ല. ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങണമെന്ന് തനിക്കഭിപ്രായമില്ല.

യുക്തിക്ക് നിരക്കാത്ത വിധത്തിൽ വഴിവിട്ട് സംസ്ഥാന സർക്കാർ ബ്രൂവറിക്ക് അനുമതി നൽകിയതിനെതിരേ യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും. കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സി.സുനിൽകുമാർ നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി സംബന്ധിച്ചു.

error: Content is protected !!