മലയോര മേഖലകളില്‍ വിനോദ സഞ്ചാരം നിരോധിച്ചു

കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ വിനോദ സഞ്ചാരം നിരോധിച്ചു. നീലക്കുറിഞ്ഞി മേഖലകളിലെ സന്ദര്‍ശനം അടക്കം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജില്ലാ കളക്ടര്‍ വിലക്കി. നീലക്കുറിഞ്ഞി സന്ദര്‍ശനം, അഡ്വെവഞ്ചര്‍ ടൂറിസം, ബോട്ടിംഗ് , ഓഫ് റോഡ് ഡ്രൈവിംഗ് എന്നിവയ്ക്കാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

മലയോര മേഖലയിലെ റോഡുകളിലൂടെ ഭാരവാഹനങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. പൊന്‍മുടി, മാട്ടുപ്പെട്ടി ഡാമുകള്‍ തുറന്നിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെറുതോണി അടക്കമുള്ള ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ രാവിലെ കളക്ട്രേറ്റിൽ യോഗം ചേരും.

ഇടുക്കി ജില്ലയിൽ ഭാരവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പന്നിയാര്‍, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ തീരത്തുളളവര്‍ അതീവ ജാഗ്രത പാലിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ആരോഗ്യ വകുപ്പ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെയും പ്രദേശത്തെ രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെയും കൂട്ടിയിണക്കിയാണ് മുന്നൊരുക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്.

error: Content is protected !!