ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്ന് സൗരവ് ഗാംഗുലി

മഹേന്ദ്രസിംഗ് ധോണിയെ ടി-20 ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണി ഫോമിലല്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

‘ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അദ്ദേഹത്തിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആശാവഹമല്ല. 2020 ടി-20 ലോകകപ്പില്‍ ധോണി കളിക്കുമെന്ന് എനിക്കുറപ്പില്ല. അതുകൊണ്ടായിരിക്കും റിഷഭ് പന്തിന് അവസരം കൊടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായത്.’ നേരത്തെ ടീം ടി-20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞിരുന്നു.

അതേസമയം 2019 ഏകദിന ലോകകപ്പില്‍ ധോണി ടീമില്‍ വേണമെന്ന് സെലക്ടര്‍മാര്‍ കരുതുന്നുവെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും ഗാംഗുലി പറഞ്ഞു. ‘ഇതില്‍ അഭിപ്രായവ്യത്യാസം ഉള്ളത് മറ്റൊരു കാര്യത്തിലാണ്. ധോണിയെ 2019 ലോകകപ്പില്‍ കളിപ്പിക്കാനാണ് തീരുമാനമെങ്കില്‍ കൂടുതല്‍ മത്സരങ്ങളില്‍ അദ്ദേഹത്തെ മത്സരിപ്പിക്കണം. അദ്ദേഹം ആഭ്യന്തരക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ല.’

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനപരമ്പര കഴിഞ്ഞാല്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ ടീമുകളുമായുള്ള മത്സരത്തിനായി വലിയ ഗ്യാപ് ഉണ്ട്. അതുകൊണ്ട് ഇതിനിടയില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ ധോണി ശ്രദ്ധിക്കണമെന്നും ഗാംഗുലി പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ധോണിയുമായി സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര വലിയ താരമാണെങ്കിലും തുടര്‍ച്ചയായി കളിക്കുന്നില്ലെങ്കില്‍ ഫോം നഷ്ടമുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.

error: Content is protected !!