വിദേശ കറന്‍സി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്: ബംഗ്ലാദേശി സംഘം പിടിയില്‍

വിദേശ കറന്‍സികള്‍ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിജനമായ സ്ഥലത്തേക്ക് വിളിപ്പിച്ച് പണം തട്ടുന്ന നാലംഗ ബംഗ്ലാദേശി സംഘം അറസ്റ്റില്‍. ആയിക്കരയിലെ വാടക ക്വാട്ടേഴ്സില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. താഴെചൊവ്വയില്‍ ബേക്കറി നടത്തുന്ന മട്ടന്നൂര്‍ ആയിഷമന്‍സിലിലെ മുര്‍ഷിദ് കെ.വി, ബസ്സ് സ്റ്റാന്റില്‍ കച്ചവടം നടത്തുന്ന കൊറ്റാളി സ്വദേശി ശഹദ് പി.പി എന്നിവരെ അടിച്ചുവീഴ്ത്തി പണം തട്ടിയ സംഘമാണ് പിടിയിലായത്. ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാലാട് വിളിച്ചുവരുത്തി ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

കടലാസ് ബണ്ടിലാക്കി മുകളിലും താഴെയും ഡോളര്‍ വച്ചാണ് ഇവരെ കബളിപ്പിച്ചത്. വഞ്ചനയാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മുര്‍ഷിദില്‍ നിന്ന് 2,90000 രൂപയും ശഹദില്‍ നിന്ന് ഒരുലക്ഷം രൂപയുമാണ് കവര്‍ന്നത്. ബംഗ്ലാദേശിലെ ഭഗവല്‍ഗഞ്ച് ജില്ലയിലെ മുഹമ്മദ് സയിഫുള്‍ ഇസ്ലാം സാഗര്‍(25), മൊറൂല്‍ ഗഞ്ച് ഡംങ്കി വംഗയിലെ റസാഖ് ഖാന്‍ (24), മാതാരി ഉഫര്‍ ചിബ്സോറിലെ മുഹമ്മദ് ലബലു (45), കുന്നാറിലെ ബേബി ബീഗം(40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ കയ്യില്‍ നിന്ന് 20 ഡോളറിന്റെ 21 അമേരിക്കന്‍ കറന്‍സി നൂറിന്റെ സൗദി റിയാല്‍ 15 എണ്ണവും 50 സൗദിറിയാല്‍ റിയാലിന്റെ രണ്ടെണ്ണവും അഞ്ഞൂറ് റിയാലിന്റെ ഒരു കറന്‍സിയും പിടിച്ചെടുത്തു. കൂടാതെ മൂന്ന് ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകളും ഒരു പാന്‍ കാര്‍ഡും പിടിച്ചെടുത്തവയില്‍ പെടുന്നു. ഇവര്‍ ഒരുമാസമായി കണ്ണൂരില്‍ എത്തി തട്ടിപ്പും പിടിച്ചുപറിയും നടത്തിവരികയായിരുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.

ഡിവൈഎസ്പി പി.പി. സദാനന്ദന്റെ മേല്‍നോട്ടത്തില്‍ സിറ്റി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ശ്രീഹരി എന്നിവരുള്‍പ്പെട്ട സംഘമാണ് തട്ടിപ്പുസംഘത്തെ അറസ്റ്റുചെയ്തത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, അജയന്‍, രാഗേഷ്, എ.എസ്.ഐ ദിവാകരന്‍, സി.പി.ഒ അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!