ഫരീദാബാദിൽ മലയാളി കുടുംബത്തിലെ 4 പേര്‍ തൂങ്ങി മരിച്ച നിലയിൽ

ഫരീദാബാദിൽ മലയാളി കുടുംബത്തിലെ 4 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലു
പേരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മീന മാത്യു, ഇരട്ട സഹോദരികളായ നീന, ജയ, സഹോദരൻ പ്രദീപ് എന്നിവരാണ് മരിച്ചത്. 32 നും 52 നും ഇടയിൽ പ്രായമുള്ളവരാണിവർ. 52 വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാൾ. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്. ആരും കല്യാണം കഴിച്ചിട്ടില്ല. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം
വമിച്ചതിനെ തുടർന്ന് കെട്ടിട ഉടമ പൊലീസിൽ അറിയിച്ചു. രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്.
വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.