വ്രതം നോറ്റു പ്രാര്‍ത്ഥിച്ചു, ഇനി മാലയിട്ട് മലയ്ക്ക് പോകാനൊരുങ്ങി രേഷ്മ

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ സമരപരമ്പരകള്‍ തുടരുകയാണ്.  കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വാദിച്ച് ഒരു വിഭാഗം തെരുവിലിറങ്ങുകയും മണ്ഡലകാലത്ത് മല ചവിട്ടും എന്ന പ്രഖ്യാപനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി രംഗത്തു വരികയും ചെയ്തതതോടെ ശബരിമല വിഷയം കൂടുതൽ നീറിപ്പുകയുകയാണ്.

അയ്യപ്പ വിശ്വാസിയായ ഒരു മലയാളി സ്ത്രീയും മല ചവിട്ടില്ലെന്ന് സമരമുഖത്തുള്ളവര്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ ഭക്തര്‍ക്കിടയില്‍ നിന്നു തന്നെ വേറിട്ട ശബ്ദം ഉയരുകയാണ്. കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്ത് എന്ന യുവതിയാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേഷ്മ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആ​ഗ്രഹമുണ്ടെന്നും രേഷ്മ പറയുന്നു. മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും. ആർത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസർജ്യവും വിയർപ്പും പോലെ ശരീരത്തിൽ ആവശ്യമില്ലാത്തത് പുറംതള്ളൽ മാത്രമാണെന്നും രേഷ്മ മറുപടി പറയുന്നു.

രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..

വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
#break_the_barrier

error: Content is protected !!