മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡി.ജി.പി
മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. അക്രമം നടത്തിയ കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി.ജി.പി വ്യക്തമാക്കി. ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ 2000ത്തിലേറെ പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 452 കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 1500 പേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ വരെ 58 കേസുകളില്‍ 153 പേരാണ് അറസ്റ്റിലായത്. ഇതില്‍ 56 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തു.
17ന് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ റിമാന്‍ഡിലായി. ഇവരെ റാന്നി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മൊത്തം 74 പേരെ കഴിഞ്ഞദിവസം മാത്രം റിമാന്‍ഡ് ചെയ്തിരുന്നു. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ സഹായത്തോടുകൂടിയാണ് അക്രമികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.