ക്ഷേത്രങ്ങളിലെ പണം സർക്കാർ കൊണ്ടുപോവുന്നുവെന്ന് ആരോപണം; കണക്ക് കാണിച്ച് ദേവസ്വം വകുപ്പ്
ക്ഷേത്രങ്ങളുടെയും ദേവസ്വം ബോർഡിന്‍റെയും വരുമാനം സർക്കാർ കൊണ്ടുപോവുകയാണെന്ന പ്രചാരണങ്ങൾക്ക് കണക്ക് നിരത്തി മറുപടിയുമായി ദേവസ്വം വകുപ്പ്. കഴിഞ്ഞ വർഷം 70 കോടി രൂപ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അധികം അനുവദിച്ചു. ദേവസ്വം ബോർഡിന്‍റെ നീക്കിയിരുപ്പ് തുക, കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ബിജെപി നടത്തിയ ശബരിമല സംരക്ഷണ യാത്രയുടെ അവസാനം സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു നടത്തിയ പ്രസംഗത്തിന് മറുപടിയുമായാണ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. ശബരിമലയിലെ നടവരവ്സ ര്‍ക്കാരിലേക്കാണെന്നായിരുന്നു മുരളീധര റാവുവിന്‍റെ വാദം. ഇത് തള്ളിയാണ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനമായി 683 കോടി ലഭിച്ചപ്പോൾ ചെലവായത് 678 കോടി രൂപയാണ്. ശബരിമലയില്‍ നിന്ന് വരുമാനമായി കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടിയത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി തന്നെ വിനിയോഗിച്ചു. 1249 ക്ഷേത്രങ്ങളിൽ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. ബാക്കി 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെയുള്ള 61ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണ്. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 70 കോടിക്ക് പുറമെ റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാർ വകുപ്പുകൾ കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടുണ്ട്.വസ്തുതകൾ ഇതായിരിക്കേ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് വ്യാജ പ്രചാരണമെന്നും മന്ത്രി ആരോപിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും ഈ ആരോപണത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണം നല്‍കിയിരുന്നു. പണമെടുക്കുകയല്ല ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകായാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. “തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്.” കടകംപള്ളി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച് കാണിക്കയിടരുതെന്ന് വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്.
ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഇപ്പോൾ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.
ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നത്.