ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രിമാര്‍ എത്തിയില്ല

ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ഭക്തരുടെയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എന്നാല്‍ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ ദേവസ്വംമന്ത്രിമാര്‍ എത്തിയില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിനെത്തിയത്.

ശബരിമല വിധിയില്‍ വിയോജിപ്പുള്ളതുകൊണ്ടല്ലെന്നും രാഷ്ട്രീയമായ മറ്റ് തിരക്കുകള്‍ കാരണമാണ് മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് എന്നുമാണ് വിശദീകരണം. മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തിയില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിരുന്നത്. ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മന്ത്രിമാര്‍ എത്താത്തതിനാല്‍ തന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും എത്തിയില്ല.

വിധി നടപ്പാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണം വേണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ശബരിമല വരുമാനത്തില്‍ നിന്ന് ചില്ലിക്കാശുപോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

error: Content is protected !!