ശബരിമല വിഷയത്തില്‍ സമവായ ചര്‍ച്ചക്ക് ദേവസ്വം ബോര്‍ഡ്
ശബരിമല വിഷയത്തില്‍ സമവായ ചര്‍ച്ചക്ക് ദേവസ്വം ബോര്‍ഡ്. 16ാം തിയ്യതി രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. തന്ത്രി കുടുംബത്തേയും പന്തളം കൊട്ടാര പ്രതിനിധിയേയും അയ്യപ്പ സേവാ സംഘത്തേയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനു ഒരു കാര്യത്തിലും മുന്‍വിധിയില്ലെന്നും പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പത്മകുമാര്‍ വ്യക്തമാക്കി.
നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും. നാളെയാണ് സെക്രട്ടറിയേറ്റ് മാർച്ച്.
എൻഡിഎ ചെയർമാൻ പി.എസ്.ശ്രീധരൻ പിള്ള നയിക്കുന്ന ജാഥ യിൽ ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതേ സമയം അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയിൽ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോർഡ് ജംഗഷനിൽ സമാപിക്കും. പ്രവീണ്‍ തൊഗാഡിയ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.