മകളെ പീഡിപ്പിച്ചത് പിതാവല്ല; പക്ഷേ ഒന്‍പത് മാസമായി ജയിലില്‍; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
വെഞ്ഞാറംമൂടില്‍ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പിതാവിന് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു. ഇത് കോടതിയില്‍ നിന്ന് പൊലീസ് മറച്ചുവെച്ചതാണ് പിതാവിനെ ശിക്ഷിക്കാന്‍ ഇടയാക്കിയത്.
2018 മാര്‍ച്ച് ഒന്നിന് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വെഞ്ഞാറമൂട് പൊലീസിന് ലഭിക്കുന്നത്. പോക്സോ നിയമപ്രകാരമുള്ള കേസ് ആയതിനാല്‍ വെഞ്ഞാറമൂട് സിഐയ്ക്ക് ആയിരുന്നു അന്വേഷണ ചുമതല. പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത പൊലീസ് , അമ്മയോട് സംസാരിക്കാന്‍ പോലും കുട്ടിയെ അനുവദിച്ചില്ലെന്നാണ് ആരോപണം. നെടുമങ്ങാട് കോടതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു പിതാവിനെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് മൂന്നിന് നെടുമങ്ങാട് കോടതി പെണ്‍കുട്ടിയുടെ പിതവിനെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ കേസ് പോക്സോ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. 2018 മെയ്മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഇയാളെ വിചാരണ തടവുകാരനാക്കി ജയിലിലുമാക്കി. എന്നാല്‍ കുഞ്ഞിന്റെ ഡിഎന്‍എ ഫലം പരിശോധിക്കാതെയായിരുന്നു പൊലീസിന്റെ അറസ്റ്റെന്നാണ് ആരോപണം. രണ്ട് മാസത്തിന് ശേഷം ഡിഎന്‍എ പരിശോധനാഫലം വന്നപ്പോള്‍ ഇയാള്‍ അല്ല കുട്ടിയെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞുവെന്നും എന്നാല്‍ ഈ റിസല്‍ട്ട് പൊലീസ് മറച്ചുവെച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അച്ഛന്റെ അടുത്ത ബന്ധുവാണെന്ന് ഈമാസം ആദ്യം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. പോലീസ് തന്നോട് ഒന്നും ചോദിച്ചില്ലെന്നും വനിതാ പോലീസ് കൊണ്ടുവന്ന പേപ്പറില്‍ ഭീഷണി ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പിതാവിനെ കേസില്‍ കുടുക്കിയതാണെന്ന ആരോപണം ശക്തമാവുന്നത്. ഈമാസം അഞ്ചിന് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിശദമാക്കുന്നത് .