പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ല: മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ മലയാളി സമൂഹത്തോട് സംസാരിക്കവേയാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞത്.  മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങള്‍ ദുബായില്‍ നടന്ന ചടങ്ങില്‍ പ്രവാസിമലയാളികള്‍ നല്‍കി.

നമ്മള്‍ വാക്കിന് വിലനല്‍കുന്നവരാണല്ലോ. വാക്കിന് വിലയില്ലാതായാല്‍ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തോട് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ സഹായമഭ്യര്‍ത്ഥിക്കാനായി അനുമതി ചോദിച്ചപ്പോള്‍ സൌഹാര്‍ദ്ദപൂര്‍വ്വം അനുവദിച്ചിരുന്നു. എന്നാല്‍, മലയാളി സമൂഹത്തോട് മാത്രമല്ല വിദേശ രാജ്യങ്ങളിലെ വിവിധ ചാരിറ്റി ഓര്‍ഗൈസേഷനില്‍ നിന്നും സഹായം വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ലഭിക്കാതായി. നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ എഴുതിയിരുന്നു.

പൊലീസ് ശ്രമിച്ചത് ശബരിമലയിലെ സമാധാനം നില നിര്‍ത്താനാണെന്നും ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി തന്‍റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നുള്ള ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ കത്ത് മുഖേന സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും കത്തിലുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പോലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്ന് വ്യക്തമാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്ന ചിലരെ ഒരുകൂട്ടം ആളുകള്‍ തടയുകയും നിയമം കൈയ്യിലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അതിനെ മറികടന്ന് സ്ത്രീകളെ ക്ഷേത്രദര്‍ശനം സാധ്യമാക്കുന്നതിനും ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനമാണ് പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

error: Content is protected !!