തരിശ് ഭൂമിയില്‍ ഇനി കശുവണ്ടി വിളയും; പടിയൂരിനെ ഹരിതഗ്രാമമാക്കാനുള്ള പദ്ധതികളൊരുക്കി പഞ്ചായത്ത്

തരിശു ഭൂമി രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കശുവണ്ടി കൃഷിയിലൂടെ നടപ്പാക്കാനൊരുങ്ങുകയാണ് പടിയൂര്‍ ഗ്രാമപഞ്ചായത്ത്. ഏറിയഭാഗവും കരഭൂമിയായ പഞ്ചായത്തില്‍ ഉപയോഗരഹിതമായ ചെങ്കല്‍ ക്വാറികളിലും പുറമ്പോക്ക് പ്രദേശങ്ങളിലും തരിശായി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും കശുവണ്ടി കൃഷി ആരംഭിക്കാനാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 12,000 ത്തില്‍ അധികം കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു.
കശുവണ്ടിവികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ഗുണനിലവാരമുള്ള കശുമാവിന്‍ തൈകള്‍ കൂടുതലായി വിതരണത്തിന് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ പറഞ്ഞു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കശുവണ്ടി വിളവെടുക്കാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച ലാഭം ലഭിക്കുന്ന ഈ പദ്ധതിക്ക് നാട്ടുകാരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നെത് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂനിറ്റുകളെ ഉള്‍പ്പെടുത്തി മറ്റ് നിരവധി പദ്ധതികളും ഇവിടെ നടപ്പാക്കുന്നു്. ജോയിന്റ് ലേബര്‍ ഗ്രൂപ്പുകള്‍ മുഖേന വിവിധയിനം കൃഷികളാണ് ഇവിടെ ചെയ്തുവരുന്നത്. കുടുംബശ്രീയിലെ അംഗങ്ങളെ നാലോ അഞ്ചോ പേരടങ്ങുന്ന ചെറിയ സംഘങ്ങളായി മാറ്റുകയും ഇവര്‍ക്ക് കൃഷി ചെയ്യുന്നതിന് പലിശ രഹിത വായ്പ നല്‍കുകയും ചെയ്യുന്നതാണ് ജോയിന്റ് ലേബര്‍ ഗ്രൂപ്പ് പദ്ധതി. കൂടാതെ കൃഷി ചെയ്യുന്ന വിളയ്ക്ക് അനുസരിച്ച് ഇവര്‍ക്ക് ഇന്‍സെന്റീവും നല്‍കുന്നു. ഈ രീതിയില്‍ കൃഷി ചെയ്യുന്ന 80 ഗ്രൂപ്പുകളാണ് പടിയൂര്‍ പഞ്ചായത്തിലുള്ളത്.
നൂറേക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവരുടെ കൃഷിത്തോട്ടത്തില്‍ നെല്ല്, വാഴ, വിവിധയിനം പച്ചക്കറികള്‍, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ആട് ഗ്രാമം, കോഴി ഗ്രാമം എന്നീ പദ്ധതികളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടപ്പാക്കിവരുന്നു്. അഞ്ച് പേരടങ്ങുന്ന പത്ത് ഗ്രൂപ്പുകളാണ് ആട് ഗ്രാമം പദ്ധതിക്കായി പഞ്ചായത്തില്‍ ഉള്ളത്.

പ്രകൃതിരമണീയമായ പഞ്ചായത്തിനെ കൂടുതല്‍ ഹരിതാഭമാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേപ്പ് ഗ്രാമം, കറിവേപ്പില ഗ്രാമം തുടങ്ങിയ പദ്ധതികളും പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് നൂറ് കണക്കിന് തൈകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിതരണത്തിന് തയ്യാറായാല്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലുമെത്തിക്കാനാണ് തീരുമാനം.

ജല സംരക്ഷണത്തിനായുള്ള പദ്ധതികളും പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. തെങ്ങിന്‍ തോപ്പുകളിലും കിണറിനോട് ചേര്‍ന്നും കുഴിയെടുത്തതിന് ശേഷം ചകിരി നിറച്ച് മണ്ണിട്ട് മൂടുന്ന പരമ്പരാഗത രീതിയാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ജലസംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വൈകാതെ എല്ലാ വാര്‍ഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

error: Content is protected !!