മല ചവിട്ടാൻ വ്രതമെടുത്ത രേഷ്മക്കെതിരെ ഭീഷണി; അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു

ശബരിമല ചവിട്ടാൻ വ്രതമെടുത്ത കണ്ണൂര്‍, കണ്ണപുരം സ്വദേശി രേഷ്മ നിഷാന്തിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശികളായ പ്രവീൻ, സുനീഷ്, പ്രണവ്, ഷിനോജ് ആനന്ദ് എന്നിവർക്ക് എതിരെയാണ് കേസ്.  രേഷ്മ എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.  രേഷ്മയടക്കമുള്ള യുവതികൾ മല ചവിട്ടുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ 5 പേരടങ്ങുന്ന സംഘം വീട്ടിനു മുന്നിൽ പ്രകടനം നടത്തിയത്.

അതേസമയം, ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവില്ലെന്നു   രേഷ്മ നിഷാന്ത് നിലപാട് വ്യക്തമാക്കി. വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.  കൂടുതൽ വനിതകൾ മല ചവിട്ടാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താൻ കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് എന്നാൽ മതത്തിന്റെ കര്യത്തിൽ അന്ധ വിശ്വാസി അല്ലെന്നും രേഷ്മ വിശദമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷാ ആവശ്യപ്പെടുമെന്ന് രേഷ്മയുടെ കുടുംബം വിശദമാക്കി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് രേഷ്മ ഇന്നലെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആ​ഗ്രഹമുണ്ടെന്നും രേഷ്മ വിശദമാക്കിയിരുന്നു. മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്,ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും. ആർത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസർജ്യവും വിയർപ്പും പോലെ ശരീരത്തിൽ ആവശ്യമില്ലാത്തത് പുറംതള്ളൽ മാത്രമാണെന്നും രേഷ്മ മറുപടി നല്‍കിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെയാണ് അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി രേഷ്മയുടെ വീടിന്‍റെ മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.  തന്നെ മല ചവിട്ടാൻ സമ്മതിക്കിലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞെന്ന് രേഷ്മ നിശാന്ത് പറഞ്ഞിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇവരെ പിരിച്ച് വിട്ടത്.

You may have missed

error: Content is protected !!