സന്നിധാനത്ത് യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസെടുത്തു

ഇന്ന് മലകയറാനെത്തിയ യുവതികളെ സന്നിധാനത്ത് തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഹൈദരാബാദില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത, കൊച്ചി സ്വദേശിനിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എന്നിവരെയാണ് സന്നിധാനത്ത് നടപ്പന്തലില്‍ ഇന്ന് രാവിലെ ഒരു സംഘം ആളുകള്‍ തടഞ്ഞത്. ഇതേ തുടര്‍ന്ന് മല കയറാതെ ഇവര്‍ തിരിച്ച് പോരുകയായിരുന്നു.

ഈ സംഭവത്തിലാണ് പുതുതായി രൂപീകരിച്ച സന്നിധാനം പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തത്. മൂന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, സുപ്രീംകോടതി ഉത്തരവുമായി എത്തിയവരെ സംഘം ചേര്‍ന്ന് തടയല്‍ , പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വ്വണഹണം തടസ്സപ്പെടുത്തല്‍ എന്നിവയാണ് വകുപ്പുകള്‍.

ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ സംരക്ഷണയില്‍ എത്തിയ യുവതികളെ സന്നിധാനത്ത് 200 ഓളം പേരടങ്ങുന്ന സംഘം തടയുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. നിലവില്‍ ആരുടെയും പേരെടുത്ത് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതലവ്‍ നടപടികള്‍ സ്വീകരിക്കും.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റെജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണ് ഇത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ യുവതികളുമായി സന്നിധാനത്തുനിന്ന് പൊലീസ് മടങ്ങിയതോടെ തന്നെ കേസ് റെജിസ്റ്റര്‍ ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കേസ് റെജിസ്റ്റര്‍ ചെയ്തതെന്നാണ് വ്യക്തമാകുന്നത്.

error: Content is protected !!