ബ്രൂവറി അനുമതി റദ്ദാക്കി

ബ്രൂവറിക്ക് സർക്കാർ നൽകിയ അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി നൽകുന്നത് കൂടുതൽ പരിശോധനക്ക് ശേഷമാകും. തീരുമാനം ഇപ്പോൾ റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അപേക്ഷകൾ പരിഗണിച്ച് പുതിയ യൂണിറ്റുകൾ അനുവദിക്കും. ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും. എന്നാൽ നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഡിസ്റ്റിലറിക്ക് അനുമതി നൽകിയ വിഷയത്തിൽ മുഴുവൻ വസ്തുതകളും പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോടു നിർദേശിച്ചിരുന്നു. ഡിസ്റ്റിലറികൾ വേണ്ടെന്ന 1999ലെ ഉത്തരവിനുശേഷം ഒരു സർക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോൾ ആവശ്യമായ ആലോചനകൾ ഉണ്ടായില്ലെന്നാണു വിമർശനം ഉയർന്നത്.