എം.ജെ അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിയാകണമെന്നില്ല, പരിശോധിക്കും: അമിത് ഷാ

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അക്ബറിനെതിരായ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്നും ആരോപണം സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ കൃത്യമായ അന്വേഷണം തന്നെ പാര്‍ട്ടി നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

മീ ടു ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ലെന്നും അക്ബറിനെതിരെ പോസ്റ്റ് ഇട്ടത് ആരാണെന്ന് അന്വേഷിക്കുമെന്നും പരാതിക്ക് പിന്നിലെ  സത്യാവസ്ഥ കണ്ടെത്തുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ആർക്ക് വേണമെങ്കിലും ഒരാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചു കൊണ്ട് പോസ്റ്റിടാമെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ മീ ടുവിൽ എന്റെ പേര് വെച്ച് നിങ്ങൾക്ക് ഒരു പോസ്റ്റിടാവുന്നതെയുള്ളുവെന്നും ഷാ കൂട്ടിച്ചേർത്തു. എം.ജെ. അക്ബറിനെതിരായുള്ള ലൈംഗികാരോപണത്തിൽ ആദ്യമായാണ് ദേശീയ അധ്യക്ഷൻ പ്രതികരിക്കുന്നത്.

അതേ സമയം, വിദേശ പര്യടനം പൂർത്തിയാക്കി ദില്ലിയിൽ തിരിച്ചെത്തുന്ന  അക്ബർ സർക്കാരിനും പാർട്ടിക്കും വിശദീകരണം നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുവരെ ഒമ്പത് മാധ്യമ പ്രവർത്തകരാണ്  ‘മീ ടൂ’ക്യംപെയ്ന്റെ ഭാഗമായി അക്ബറിനെതിരെ ആരോപണമുനനയിച്ചു കൊണ്ട് രംഗത്തെത്തിരിക്കുന്നത്. അക്ബർ രാജിവെക്കുകയാണെങ്കിൽ മോദി സർക്കാരിൽ നിന്ന് രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാകും അദ്ദേഹം. മുമ്പ്  ബലാത്സംഗ കേസിൽ ആരോപണവിധേയനായ നിഹാല്‍ചന്ദ് മേഘ്വാൾ‌ രാജിവെച്ചിരുന്നു. അതേസമയം, അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്.

error: Content is protected !!